വര്‍ഷാന്ത്യത്തില്‍ പ്രചോദനം പകര്‍ന്ന ഫേസ്ബുക്ക് പോസ്റ്റ് നടത്തിയ യുവാവിനെ മരണമെടുത്തു; പോസ്റ്റ് വൈറലായി
മുന്‍ യു.എസ് മറീനായിരുന്ന മാത്യു ഡെ റെമര്‍ ഡിസംബര്‍ 31 നു രാവിലെ പത്തു മണിക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രചോദനാത്മകമായ കുറിപ്പ് വൈറലായി. പക്ഷേ, അതു കാണാന്‍ മാത്യു നമ്മോടൊപ്പമില്ല. പുതുവര്‍ഷത്തിലേക്കു കടക്കും മുമ്പ് ഡിസംബര്‍ 31 നു രാത്രി എട്ടു മണിക്ക് മദ്യപനായ ഒരു കാര്‍ ഡ്രൈവര്‍ മാത്യുവിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. മാത്യു തല്‍ക്ഷണം മരിച്ചു. അറംപറ്റിയതു പോലെയുള്ള വാക്കുകളാണ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. ''ഇന്നു രാത്രി ഞാന്‍ എങ്ങിനെയായിരിക്കും അവസാനിക്കുക എന്നറിയില്ല. എങ്കിലും ഞാന്‍ ആയിരിക്കേണ്ടിടത്ത് എത്തിയിരിക്കുമെന്നു വിശ്വസിക്കുന്നു'' - മാത്യു പറഞ്ഞു. 31 കാരനായ ഇറാക്ക് വെറ്ററന്റെ പ്രചോദന കുറിപ്പില്‍ ഇങ്ങനെ പറയുന്നു. ''നമ്മള്‍ ഒരു ദിനം ജനിച്ചു, ഒരു ദിനം മരിക്കും, ഒരു ദിനം കൊണ്ട് നമുക്ക് മാറാനാകും, ഒരു ദിനം കൊണ്ട് സ്‌നേഹത്തിലാകാം, ഒരു ദിനം കൊണ്ട് എന്തും സംഭവിക്കാം''. ഈ കുറിപ്പ് പോസ്റ്റ് ചെയ്ത് പത്തു മണിക്കൂറിനകം അപകടം മാത്യുവിനെ നിത്യതയിലേക്കു കൂട്ടിക്കൊണ്ടു പോയി. സുഹൃത്തുക്കളും അപരിചിതരും മാത്യുവിന്റെ കുറിപ്പും പിന്നീടുണ്ടായ ദുരന്തവും അറിഞ്ഞ് അനുശോചനമറിയിക്കുമ്പോള്‍ മാത്യുവിന്റെ കുറിപ്പ് ജീവിതത്തിനു പുതിയ വെളിച്ചം പകര്‍ന്നിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. 20,000 ഷെയറുകളും 55,000 ലൈക്കുകളും ഈ പോസ്റ്റിനെ തേടിയെത്തി. ''മാറ്റ് നിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് എത്രയോ പേര്‍ക്ക് പ്രചോദനം പകരുന്നതായി '' എന്ന് ഫ്‌ളോറിഡയില്‍ നിന്നുള്ള വിര്‍ജീനിയ തോംസണ്‍ കുറിച്ചു. ''മാത്യുവിന്റെ ചിന്തകള്‍ എത്ര മനോഹരമായിരുന്നു. വളരെ പെട്ടെന്ന് അവനെ വീട്ടിലേക്കു വിളിച്ചു. അവനു കൊടക്കുവാന്‍ ദൈവത്തിനു പ്രത്യേക നിയോഗമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു'' - ഫ്‌ളോറിഡയില്‍ നിന്നുള്ള ബേത് ഷ്വാബ് കുറിച്ചു.